കേരളത്തിൽ വയോജനങ്ങൾ വിവിധ മേഖലകളിൽ നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ അവരുടെ സംരക്ഷണവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് മലപ്പുറത്ത് നടന്ന ഏകദിന ശില്പശാല വിലയിരുത്തി. മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്സ്റ്റൻഷനും (IUCSS), കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ‘കേരളത്തിലെ വർദ്ധക്യവും ലിംഗഭേദവും മനുഷ്യസുരക്ഷയും’ എന്ന ശില്പശാല വയോജന ക്ഷേമരംഗത്ത് പുതിയൊരു ചർച്ചയ്ക്ക് വഴിതുറന്നു.
വയോജനങ്ങൾ കരുണയുടെ വിഷയമല്ല, അവകാശമുള്ള മനുഷ്യർ: മന്ത്രി ശ്രീ. കെ. എം. ഷാജി
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജി ശില്പശാല ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണം കേവലം ഒരു കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും, മറിച്ച് രാജ്യത്തിന്റെയും സമൂഹത്തിന്റെയും വലിയൊരു കടമയാണെന്നും മന്ത്രി പ്രസ്താവിച്ചു. വയോജനങ്ങളെ കേവലം കരുണയുടെയോ പാവതാപത്തിന്റെയോ വിഷയമായി മാത്രമല്ല കാണേണ്ടത്. അവർ അന്തസ്സും അവകാശങ്ങളും ഉള്ള മനുഷ്യരാണ്. അവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമീപനമാണ് സമൂഹം സ്വീകരിക്കേണ്ടത്, ശ്രീ. കെ. എം. ഷാജി പറഞ്ഞു. കണക്കുകൾ പ്രകാരം 2036-ഓടെ ഇന്ത്യയിലെ വയോജനങ്ങളുടെ ജനസംഖ്യ 23 കോടിയോ അതിൽ കൂടുതലോ ആയി ഉയരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പ്രായമായവരെ മാറ്റിനിർത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യാതെ, അവരുടെ അനുഭവസമ്പത്തും കഴിവുകളും സമൂഹത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള ഒരു സാമൂഹിക സുരക്ഷിതത്വ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചെറിയ പ്രായം മുതൽക്കേ കുട്ടികളിൽ മുതിർന്നവരോടുള്ള ആദരവും ഉത്തരവാദിത്തബോധവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, പൊതുസമൂഹം എന്നിവയുടെ ഏകോപിതമായ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപനാധിഷ്ഠിത ഇടപെടലുകൾ ശക്തമാക്കണം: ജില്ലാ കളക്ടർ
മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. വയോജന ക്ഷേമരംഗത്ത് സർക്കാർ ഇടപെടലുകളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. വയോജന സംരക്ഷണത്തിനും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനും കേരളം കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണെന്ന് കളക്ടർ അഭിപ്രായപ്പെട്ടു. എന്നാൽ ഈ രംഗത്ത് ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പുതിയ തലമുറയുടെ പങ്കാളിത്തവും മനുഷ്യവിഭവ വിനിയോഗവും
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. അനിൽ അക്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വയോജന സംരക്ഷണം കൂടുതൽ ഫലപ്രദമാക്കാൻ പുതിയ തലമുറയുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യസേവന പ്രവർത്തനങ്ങളിലൂടെ യുവജനങ്ങളെ വയോജന ക്ഷേമവുമായി ബന്ധിപ്പിക്കുന്ന പദ്ധതികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് സംസാരിച്ച ഡോ. മദൻ മോഹൻ, വയോജനങ്ങളെ സമൂഹത്തിന്റെ വിലപ്പെട്ട മനുഷ്യവിഭവമായി കാണേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. പ്രായമായവരുടെ അറിവും അനുഭവസമ്പത്തും വൈദഗ്ധ്യവും സമൂഹത്തിന്റെയും വികസന പ്രവർത്തനങ്ങളുടെയും പ്രയോജനത്തിനായി ഫലപ്രദമായി വിനിയോഗിക്കാനുള്ള വിവിധ സാധ്യതകളും തന്ത്രങ്ങളും അദ്ദേഹം ശില്പശാലയിൽ അവതരിപ്പിച്ചു.
സജീവ ചർച്ചയും അനുഭവങ്ങൾ പങ്കുവെക്കലും

ഇന്റർ യൂണിവേഴ്സിറ്റി സെന്റർ പ്രവർത്തകരും ഗ്രാമപഞ്ചായത് അസോസിയേഷൻ ഭാരവാഹികളും ശില്പശാലയ്ക്ക് നേതൃത്വം നൽകി. വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിൽ കുടുംബം, സമൂഹം, സർക്കാർ, സന്നദ്ധസംഘടനകൾ എന്നിവയുടെ സംയുക്ത ഇടപെടൽ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ച് ചടങ്ങിൽ സജീവ ചർച്ച നടന്നു.
സാമൂഹ്യനീതി ജില്ലാ ഓഫീസർ ശ്രീ സമീർ, ഗ്രാമപഞ്ചായത് അസോസിയേഷൻ സെക്രട്ടറി അഹമ്മദ് പുന്നക്കൽ, ഡോ. കെ. എം. സീതി, അനിൽ ഗോപി എന്നിവരും വിവിധ ഗ്രാമപഞ്ചായത്ത്-മുനിസിപ്പാലിറ്റി പ്രസിഡന്റുമാർ, മെമ്പർമാർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ, വയോജന ഭവനങ്ങളിലെ പരിചരണപ്രവർത്തകർ തുടങ്ങി ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുത്തു.
വയോജനങ്ങളുടെ ക്ഷേമവും ഭരണകൂട ഇടപെടലുകളും സംബന്ധിച്ച തങ്ങളുടെ പ്രായോഗിക അനുഭവങ്ങളും നിർദ്ദേശങ്ങളും പ്രതിനിധികൾ ചർച്ചയിൽ പങ്കുവെച്ചു. വയോജനങ്ങളുടെ വലിയ അനുഭവസമ്പത്ത് ഒരു നാടിനും സമൂഹത്തിനും ഭരണകൂടത്തിനും എങ്ങനെ ഗുണകരമായി മാറ്റാം എന്ന് ചിന്തിക്കാനും, വരുംകാലങ്ങളിൽ നടപ്പിലാക്കേണ്ട പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും ഈ ശില്പശാല മികച്ചൊരു വേദിയായി മാറി.
ഡോ. നിമിത, ശ്രീ സാബു തോമസ്, ശ്രീ സുദീപ്, ശ്രീ ബീറ്റൂ, ശ്രീ തെൽഹത്, ശ്രീ മനോജ് മാത്യു, ശ്രീ മുഹ്‌സിൻ തുടങ്ങിയവർ ശില്പശാലക്കു നേതൃത്വം നൽകി.

