ആദിവാസി-ഗോത്ര ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം ഉണ്ടാകണമെന്ന് മഹാത്മാഗാന്ധി സർവകലാശാല സംഘടിപ്പിച്ച ശിൽപ്പശാലയിൽ ഊരുമൂപ്പന്മാർ ആവശ്യപ്പെട്ടു.
അന്തർസർവകലാശാല സാമൂഹികശാസ്ത്ര ഗവേഷണകേന്ദ്രം “പശ്ചിമഘട്ടത്തിലെ ആദിവാസി/ഗോത്ര അധിവാസം” എന്ന വിഷയത്തെ അധികരിച്ചു തൊടുപുഴ മുനിസിപ്പാലിറ്റി ഹാളിൽ നടത്തിയ ശിൽപ്പശാലയിൽ സംസാരിച്ച 33 ഊരുമൂപ്പന്മാർ തങ്ങളുടെ രാഷ്ട്രീയാധികാരവും, സാമൂഹിക വ്യക്തിത്വവും സർക്കാർ ഭരണ സംവിധാനങ്ങളും പൊതുസമൂഹവും അംഗീകരിക്കണമെന്നും, ആദിവാസി സമൂഹം നേരിടുന്ന അതിജീവന പ്രശ്നങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളും പട്ടികവർഗ വകുപ്പും ഊർജിത പ്രവർത്തനങ്ങളിലൂടെ കൈകാര്യം ചെയ്യണമെന്നും അഭ്യർത്ഥിച്ചു.
പാർപ്പിടം, കൃഷി, ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അടിയന്തിര ശ്രദ്ധ പതിക്കേണ്ട വിഷയങ്ങൾ കഴിഞ്ഞ ദുരന്തങ്ങളിലൂടെയും മഹാമാരിയിലൂടെയും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നു ശിൽപ്പശാല വിലയിരുത്തി. വനാവകാശ നിയമം നടപ്പാക്കിയതോടെ ഉണ്ടായിട്ടുള്ള അനിശ്ചിതത്വവും ആശങ്കകളും പരിഹരിക്കണമെന്നും ശിൽപ്പശാലയിൽ ആദിവാസി പ്രതിനിധികൾ ആവശ്യപ്പെട്ടു.
സർവകലാശാലയുടെ പരിസ്ഥിതി-സുസ്ഥിര വികസന പഠനകേന്ദ്രം ഫാക്കൽറ്റി ഡോ. ക്രിസ്റ്റഫർ ഗുണ അധ്യക്ഷനായിരുന്നു. സംസ്ഥാന പട്ടിക വർഗ ഉപദേശക സമിതി അംഗം സി. പി. കൃഷ്‌ണൻ, ഐ. ടി. ഡി. പി. തലവൻ അനിൽ കുമാർ, ഡോ. അഭിലാഷ് ബാബു, തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. തൊടുപുഴ സബ് ഇൻസ്‌പെക്ടർ ബൈജു പി. ബാബു ആശംസാപ്രസംഗം നടത്തി. അന്തർസർവകലാശാല സാമൂഹികശാസ്ത്ര ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.എം. സീതി ആമുഖ പ്രഭാഷണം നടത്തി. ഡോ. അനിൽ ഗോപി, എലിസബത്ത് എബ്രഹാം, സാബു തോമസ്, ജുബിൻ ജേക്കബ്, നീന, എം. എസ്. സുധീപ്, തെൽഹത് തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.