സ്ത്രീകളുടെ സുരക്ഷക്കും അവരനുഭവിക്കുന്ന യാതനകൾ പുറത്തെത്തിച്ച് നിയമപരമായ സംരക്ഷണമൊരുക്കുന്നതിനും, ജാഗ്രതയോടെ സ്ത്രീ സമൂഹത്തില്‍ ഇടപെടുക എന്ന ലക്ഷ്യത്തോടെയുമാണ് കേരള വനിതാ കമ്മീഷന്‍ സംസ്ഥാനത്ത് ജാഗ്രതാ സമിതികള്‍ രൂപീകരിച്ചത്. എല്ലാ വിഭാഗം സ്ത്രീകളിലേക്കും കടന്ന് ചെല്ലാനും അവരനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിയമപരമായ പരിഹാരം ഉണ്ടാക്കുകയുമാണ് സമിതികളിലൂടെ ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും കക്ഷികളായുള്ള പരാതികള്‍ സ്വീകരിക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്നതിന് സമിതികള്‍ക്കാവും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കുടുംബശ്രീ സംവീധാനത്തിന്റെ സഹായത്തോടെ എല്ലാ വിഭാഗം സ്ത്രീകളെയും ഉള്‍പ്പെടുത്തിയായിരുന്നു ജാഗ്രതാ സമിതികളുടെ രൂപീകരണം. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടായിരുന്നെങ്കിലും അതിന്റെ പ്രവര്‍ത്തനം നിലവില്‍ സജീവമല്ല. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനും അത് സജീവമാക്കുന്നതിനും വേണ്ടി സർവകലാശാലാ തലത്തിൽ സംസ്ഥാന പ്ലാൻ പദ്ധതി അനുസരിച്ചു നടക്കുന്ന പ്രഭാഷണങ്ങളും ശില്പശാലകൾക്കും തുടക്കം കുറിക്കുകയാണ്.
ഒക്ടോബർ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ കൺവെർജെൻസ് അക്കാഡെമിയ കോംപ്ലക്സിൽ (ഗാന്ധിയൻ സ്റ്റഡീസ് പഠന വിഭാഗത്തിന് സമീപം) നടക്കുന്ന ആദ്യ പരിപാടിയിൽ പീരുമേട് മാർക്കറ്റിങ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും കുമളി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ശ്രീ എം. എസ്. വാസു സംസാരിക്കും.
മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ജെന്റർ സ്റ്റഡീസ് ഡയറക്ടർ ഇൻ ചാർജ് ഡോ. ആരതി പി. എം. അധ്യക്ഷയായിരിക്കും.
ജാഗ്രത സമിതി വളരെ ഫലപ്രദമായി നടന്ന പഞ്ചായത്തുകളിൽ ഒന്നാണ് കുമളി. പ്രസ്തുത പഞ്ചായത്തിലെ പ്രവർത്തനാനുഭവങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും. ഇത് മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മനസ്സിലാക്കുവാനും പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കുവാനും സഹായകരമാവും.