Wednesday, February 12, 2025
No menu items!
HomeUpdatesLatest Newsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റാങ്കിങ്ങിന് വിധേയമാകും, മന്ത്രി എം. ബി. രാജേഷ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റാങ്കിങ്ങിന് വിധേയമാകും, മന്ത്രി എം. ബി. രാജേഷ്


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റാങ്കിങ്ങിന് വിധേയമാകുമെന്നും അതിന്റെ പരിഗണനാ മാനദണ്ഡങ്ങളിൽ ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം. ബി. രാജേഷ് പറഞ്ഞു.

മഹാത്മാഗാന്ധി സർവകലാശാലയുടെ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ സോഷ്യൽ സയ൯സ് റിസ൪ച്ച് & എക്സ്റ്റ൯ഷനും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) സംയുകതമായി “ജാഗ്രതാ സമിതി: അറിവും അനുഭവങ്ങളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപ്പശാല ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാകുന്നുവെന്ന് ജാഗ്രത സമിതികൾ ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുമായി ഏകോപനത്തോടെ തദ്ദേശസ്വയഭരണ സ്ഥാപന തലത്തിലും വാർഡ്‌ തലത്തിലും ജാഗ്രത സമിതികൾ മികച്ച രീതിയിൽ പ്രവർത്തിക്കണം. നമ്മുടെ സമൂഹത്തെ ആഴത്തിൽ ജനാധിപത്യവത്കരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയതാണ് ജാഗ്രത സമിതികൾ. കുടുംബഘടനയെ ജനാധിപത്യവത്കരിക്കണമെന്നും ആ മേഖലയിലേക്ക് ജാഗ്രത സമിതികളുടെ പ്രവർത്തനം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. മധ്യസ്ഥതക്കുള്ള വേദിയല്ല ജാഗ്രത സമിതികൾ. ക്രിമിനൽ സ്വഭാവമുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ നിർണായകമായ പങ്കാണ് സ്ത്രീ സുരക്ഷയ്ക്കുള്ളത്. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ ജാഗ്രതാ സമിതികൾ കൂടുതൽ ആർജവത്തോടെ ഇടപെടേണ്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ജാഗ്രതാ സമിതികൾ വിവിധ തലങ്ങളിൽ ഉണർന്നു പ്രവർത്തിക്കണം. സമിതികൾ കേവലം ഒത്തുതീർപ്പു സംവിധാനങ്ങൾ മാത്രമായല്ല നിലനിൽക്കേണ്ടത്. മാനവിക വികസന സൂചികയിൽ മറ്റെല്ലാ മേഖലകളിലും മുന്നിട്ടു നിൽക്കുന്ന കേരളത്തിന് സ്ത്രീ സുരക്ഷ വിഷയങ്ങളിൽ പിന്നോക്കം നില്ക്കാൻ പാടില്ല. ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിനു സ്ത്രീ ശാക്തീകരണം പ്രാദേശിക തലങ്ങളിൽ അനിവാര്യമാണ്, മന്ത്രി രാജേഷ് പറഞ്ഞു.

കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ കേരളത്തിലെ പഞ്ചായത്തു രാജ് സംവിധാനങ്ങളിൽ ഉണ്ടാക്കിയ ചലനങ്ങൾ സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തവും സാമൂഹിക സാന്നിധ്യവും വിപ്ലവാത്മകമായി ഉറപ്പാക്കിയെന്നു കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമണ് പറഞ്ഞു. സമൂഹത്തിന്റെ നിർണായക ഇടങ്ങളിൽ അദൃശ്യരായിരുന്ന സ്ത്രീകൾ ഇന്ന് പ്രാദേശിക തലം തൊട്ടു ജനാധിപത്യത്തിന്റെ വിവിധ തലങ്ങളിൽ സജീവമാണ്. കുടുംബശ്രീ ഉൾപ്പടെയുള്ള കൂട്ടായ്മകൾ ഈ ശാക്തീകരണ പ്രക്രിയയ്ക്ക് ഉത്തേജനം നൽകി. ഇതിന്റെ തുടർപ്രവർത്തനങ്ങൾക്ക് ജാഗ്രതാ സമിതികളുടെ പങ്കു നിർണായകമാണ്, ഡോ. ഇളമൺ പറഞ്ഞു.

ചടങ്ങിൽ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ സോഷ്യൽ സയ൯സ് റിസ൪ച്ച് സമാഹരിച്ച “ക്ലീൻ കുമളി ഗ്രീൻ കുമളി പദ്ധതി ഡോക്യൂമെൻറെഷൻ റിപ്പോർട്ട്” മന്ത്രി പ്രകാശനം ചെയ്തു.



കുമളി വൈ. എം. സി എ. കോൺഫറൻസ് ഹാളിൽ നടക്കുന്ന ശിൽപ്പശാലയിൽ നടന്ന സമ്മേളനത്തിൽ ഇടുക്കി എം.പി. ശ്രീ ഡീൻ കുര്യാക്കോസ്, ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, അഴുത ബ്ലോക്ക് പ്രസിഡന്റ് പി. എം. നൗഷാദ്, കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, എം. എസ്. വാസു, ഡോ. അമൃത കെ. പി. എൻ., തുടങ്ങിയവർ സംസാരിച്ചു. എം. ജി. സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാർ അധ്യക്ഷനായി. ഡോ. കെ. എം. സീതി സ്വാഗതം പറഞ്ഞു. വെള്ളിയാഴ്ച നടന്ന ശിൽപ്പശാലയിൽ ഗ്രാമപഞ്ചായത്തു അസോസിയേഷൻ സി. ഇ. ഒ ശ്രീ മദൻ മോഹൻ ആമുഖ പ്രഭാഷണം നടത്തി. എലിസബത്ത് എബ്രഹാം, ഡോ. അമൃത്‌രാജ്, രാധാമണി, അഡ്വ സി.എസ്. കല, രിസ്മി, സാബു തോമസ്, ജുബിൻ ജേക്കബ്, സുദീപ്, തൽഹത് തുടങ്ങിയവർ നേതൃത്വം നൽകി.

സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾ പുറത്തെത്തിച്ച് നിയമപരമായ സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള വനിതാ കമ്മീഷൻ സംസ്ഥാനത്ത് ജാഗ്രത സമിതികൾ രൂപീകരിച്ചത്. എല്ലാ വിഭാഗം സ്ത്രീകളിലേക്കും കടന്നുചെന്ന് അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉണ്ടാക്കുകയുമാണ് സമിതികളിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാന – ജില്ലാ – ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ രൂപീകരിച്ചിട്ടുള്ള ജാഗ്രത സമിതികൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഭാഷണങ്ങളും ശില്പശാലകളും സംഘടിപ്പിക്കുന്നത്.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments