Wednesday, February 12, 2025
No menu items!
HomeUpdatesLatest Newsജാഗ്രതാസമിതികൾ ശക്തമാക്കാൻ ശിൽപ്പശാലയിൽ ആഹ്വാനം

ജാഗ്രതാസമിതികൾ ശക്തമാക്കാൻ ശിൽപ്പശാലയിൽ ആഹ്വാനം

സ്ത്രീ സുരക്ഷയ്ക്കും സാമൂഹികനീതി ഉറപ്പാക്കാനും ജാഗ്രതാസമിതികൾ ത്രിതല തദ്ദേശഭരണ സംവിധാനങ്ങളിലൂടെ ശക്തമാക്കേണ്ടതുണ്ടെന്നു മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്ന ശിൽപ്പശാലയിൽ ആഹ്വാനം.

ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ സംഘടിപ്പിച്ച ജാഗ്രതാസമിതികളെക്കുറിച്ചുള്ള ശിൽപ്പശാലയിൽ അയ്മനം, ആർപ്പൂക്കര അതിരമ്പുഴ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജാഗ്രതാസമിതി ഉദ്യോഗസ്ഥരും പങ്കെടുത്തു.

ജാഗ്രതാ സമിതി വിജയകരമായി നടപ്പാക്കിയ കുമളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ എം. എസ്. വാസു ആമുഖ പ്രഭാഷണം നടത്തി. ജാഗ്രതാസമിതികളുടെ പ്രവർത്തനം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാനുള്ള ശക്തമായ സംവിധാനമാണെന്നു ശ്രീ വാസു പറഞ്ഞു. മദ്യപാനം, ലഹരി ഉപയോഗം, അന്ധവിശ്വാസം തുടങ്ങിയ പ്രവണതകൾക്ക് ആദ്യം ഇരകളാകുന്നവർ സ്ത്രീകളും കുട്ടികളുമാണെന്നിരിക്കെ ജാഗ്രതാസമിതികൾക്കു വിപുലമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞു. പഞ്ചായത്തു സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട ഈ മേഖലയിൽ കാതലായ മാറ്റങ്ങൾക്കു സാധ്യതയുണ്ടെന്നും കേരളത്തിന്റെ മാനവിക വിഭവഭൂപടത്തിൽ ഇതിനു വലിയ പ്രാധാന്യമുണ്ടെന്നും ശ്രീ വാസു പറഞ്ഞു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ യഥാസമയം ഏറ്റെടുക്കാൻ കഴിയാതെ വരുന്നതും അതിനു തയ്യാറാകുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നതും ജാഗ്രതാസമിതികളെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ വലിയ വെല്ലുവിളികളായി നിലനിൽക്കുന്നുവെന്നു ശിൽപ്പശാലയിൽ അദ്ധ്യക്ഷത വഹിച്ച സ്കൂൾ ഓഫ് ജെന്റർ സ്റ്റഡീസ് മേധാവി ഡോ. ആരതി പി. എം. ചൂണ്ടിക്കാട്ടി.



ജാഗ്രതാസമിതികളും ഹരിതകർമസേനകളും ഉണർന്നു പ്രവർത്തിക്കാൻ സർവ്വകലാശാലകൾ പ്രാദേശിക തലത്തിൽ നേതൃത്വം കൊടുക്കണമെന്നു പഞ്ചായത്തു പ്രസിഡന്റുമാരും ഐ. സി. ഡി. എസ് സൂപ്പർവൈസർമാരും ആവശ്യപ്പെട്ടു. കൺവെർജെൻസ് അക്കാഡെമിയ കോംപ്ലക്സിൽ നടന്ന ശിൽപ്പശാലയിൽ സബിതാ പ്രേംജി, ബിജു വലിയമല, സൗമ്യ, എലിസബത്ത് എബ്രഹാം തുടങ്ങിയവരും സംസാരിച്ചു. ഡോ. കെ.എം. സീതി സ്വാഗത പ്രസംഗം നടത്തി.



RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments